മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

May 13, 2026

കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 21 ാം വാര്‍ഡ് തോട്ടശ്ശേരിയറ വെച്ച് 12.05.2026 തിയ്യതി വിലെ 7.30 ന് സംഘടിപ്പിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുകയും മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമഗ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.  ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, വാര്‍ഡ് അംഗങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ ക്ലബ്ബ്-സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനായി വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യവിദഗ്ധര്‍ വിശദീകരിച്ചു. കൊതുക് വളരാന്‍ സാധ്യതയുള്ള ജലസ്രോതസ്സുകള്‍ നശിപ്പിക്കുക, വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കി.

പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസും പൊതുസ്ഥലങ്ങളും ശുചീകരിക്കുകയും വിവിധ വാര്‍ഡുകളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് പഞ്ചായത്ത് നേതൃത്വം അഭ്യര്‍ത്ഥിച്ചു.

ആരോഗ്യകരമായ സമൂഹനിര്‍മ്മാണത്തിനായുള്ള ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

photo